For Latest News: CHANDRIKA DAILY ONLINE


Photobucket

Wednesday, 6 February 2013

അബ്ബാസ് സേട്ട്: ഹൃദയം തൊട്ടറിഞ്ഞ സഹപ്രവര്‍ത്തകന്‍


കെ.പി.എ.മജീദ്‌(( ()(((9999(Sec. (IUML Kerala State Commitee.)

അബ്ബാസ് സേട്ടിന്റെ നിര്യാണം മുസ്‌ലിംലീഗ് പ്രസ്ഥാനത്തെ സംബന്ധിച്ചിടത്തോളം തീരാ നഷ്ടമാണ്. സംസ്ഥാന പ്രവര്‍ത്തകസമിതി യോഗത്തില്‍ പങ്കെടുക്കാനായി കോഴിക്കോട്ട് വന്നിറങ്ങിയ അബ്ബാസ് സേട്ടിന് റെയില്‍വെ സ്റ്റേഷനില്‍ വെച്ച് തന്നെ അസ്വാസ്ഥ്യം ഉണ്ടാവുകയും തളര്‍ന്ന് വീണതിനെ തുടര്‍ന്ന് ശസ്ത്രക്രിയക്ക് വിധേയമാക്കുകയും ചെയ്തുവെങ്കിലും അല്ലാഹുവിന്റെ അലംഘനീയമായ വിധിക്ക് മുമ്പില്‍ വൈദ്യശാസ്ത്രത്തിന് വിജയിക്കാനായില്ല.

നാല്‍പത് വര്‍ഷത്തെ അഗാധമായ ബന്ധമുണ്ടായിരുന്നു അബ്ബാസ് സേട്ടുവുമായി എനിക്ക്. അതുകൊണ്ടു തന്നെ ആ വിയോഗം വളരെ ആഴത്തില്‍ മുറിവുകളുണ്ടാക്കുന്നു. സാധാരണക്കാരായ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും അനുഭാവികള്‍ക്കും മന്ത്രിമാരെ കാണുന്നതിലും ഏറെ താല്‍പര്യം മന്ത്രിമാരുടെ ഓഫീസില്‍ അബ്ബാസ് സേട്ടിനെ കാണുന്നതിലായിരുന്നു വ്യഗ്രത. അത്രമാത്രം വിഷയങ്ങളുടെ കുരുക്കഴിക്കാനും ഇച്ഛാശക്തിയോടെ കാര്യങ്ങള്‍ നീക്കാനും അദ്ദേഹത്തിനുള്ള കഴിവ് അപാരമായിരുന്നു. 

തിരുവനന്തപുരം ജില്ലാ പ്രസിഡന്റ്, പാര്‍ട്ടി ലീഡര്‍ പി കെ കുഞ്ഞാലിക്കുട്ടി സാഹിബിന്റെ പ്രൈവറ്റ് സെക്രട്ടറി എന്നൊക്കെയുള്ള നിലയിലും അപ്പുറം മുസ്‌ലിംലീഗിന്റെ പ്രധാനിയായ  നേതാവായാണ് ഏവര്‍ക്കും അബ്ബാസ് സേട്ടിനെ അനുഭവിക്കാനായിരുന്നത്. കൊല്ലം ജില്ലയിലെ എസ് എന്‍ കോളജിലെ പഠനകാലത്ത് എം എസ് എഫുമായി ബന്ധപ്പെട്ട് മുസ്‌ലിം ലീഗുമായി അടുത്ത കച്ച്‌മേമന്‍ കുടുംബാംഗം കൂടിയായ ഈ വിദ്യാര്‍ത്ഥി മുസ്‌ലിം യുവജന സമാജം (കെ എം വൈ എസ്) രൂപീകരിച്ച്  രംഗത്തുവരികയായിരുന്നു. 

1972 ഓടെ കൊല്ലം ജില്ലാ മുസ്‌ലിം യൂത്ത്‌ലീഗിന്റെ ജനറല്‍ സെക്രട്ടറിയായി. അക്കാലത്ത് യൂത്ത്‌ലീഗിന്റെ സംസ്ഥാന നേതൃസ്ഥാനത്തിരുന്ന എനിക്ക് അബ്ബാസ് സേട്ടിന്റെ മികവാര്‍ന്ന പ്രവര്‍ത്തന രീതി നേരിട്ട് മനസ്സിലാക്കുവാന്‍ സാധിച്ചു. അദ്ദേഹവുമായുള്ള ബന്ധം ഏറെ ഊഷ്മളമായത് അക്കാലത്താണ്. പ്രവര്‍ത്തനത്തിലെ നിഷ്‌ക്കര്‍ഷ, പ്രവൃത്തിവൈഭവം, ദൈവഭക്തി, മാനുഷികബന്ധങ്ങള്‍ തുടങ്ങിയ ഉന്നത ഗുണമൂല്യങ്ങള്‍ ഏറെയുള്ള വ്യക്തിയായിരുന്നു അബ്ബാസ് സേട്ട് എന്ന് അനുഭവസാക്ഷ്യം. 

1973ല്‍ കൊല്ലം മുനിസിപ്പല്‍ സര്‍വ്വീസില്‍ ക്ലര്‍ക്കായി നിയമിതനായതോടെയാണ് രാഷ്ട്രീയ പ്രവര്‍ത്തനത്തിന് താല്‍ക്കാലിക വിരാമമായത്. എണ്‍പതുകളില്‍ സെക്രട്ടേറിയറ്റ് അസിസ്റ്റന്റായി തിരുവനന്തപുരത്തെത്തിയതോടെ വീണ്ടും സജീവം. 1982-87 കാലഘട്ടത്തില്‍ യു എ ബീരാന്‍ സാഹിബ് സിവില്‍സപ്ലൈസ് മന്ത്രിയായിരുന്ന സമയം ഡപ്യൂട്ടേഷനില്‍ പേഴ്‌സണല്‍ സ്റ്റാഫിലെത്തിയതോടെ മുസ്‌ലിംലീഗ് രാഷ്ട്രീയവുമായി കുറേക്കൂടി അടുത്തബന്ധം സ്ഥാപിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. പിന്നീട് അങ്ങോട്ട് 1991 മുതല്‍ പി.കെ കുഞ്ഞാലിക്കുട്ടി സാഹിബിന്റെ പി എ ആയും പിന്നീട് ഇബ്രാഹിം കുഞ്ഞിന്റെ പി എസ് ആയും തുടര്‍ന്ന് കുഞ്ഞാലിക്കുട്ടി സാഹിബിന്റെ പി എസ് ആയും പ്രവര്‍ത്തിക്കുകയായിരുന്നു. 

ഏറ്റവും തിരക്കേറിയ ഒരു ഉദ്യോഗസ്ഥനായി അറിയപ്പെട്ട അബ്ബാസ് സേട്ടിന് തന്റെ സര്‍ഗവൈഭവം പൂര്‍ണ്ണമായും ഉപയോഗപ്പെടുത്താനുള്ള സമയം ലഭിച്ചില്ലെങ്കിലും തിരക്കിനിടയിലും ആ വിരല്‍തുമ്പില്‍ നിന്ന് കുറിക്കപ്പെട്ട ലേഖനങ്ങളെല്ലാം അര്‍ത്ഥപ്രൗഢവും മികവുറ്റതുമായിരുന്നു. രാഷ്ട്രീയ സാമൂഹിക മേഖലയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട അദ്ദേഹത്തിന്റെ ലേഖനങ്ങള്‍ ഗഹനമായ സംവാദങ്ങള്‍ക്ക് ഉപോല്‍ബലകമായിട്ടുണ്ട്. സാമുദായിക പ്രാതിനിധ്യത്തിന്റെ ഞെട്ടിപ്പിക്കുന്ന സ്ഥിതി വിവര കണക്കുകള്‍ നിരത്തിയുള്ള  നിരന്തരമായ ലേഖന പരമ്പരകള്‍ കണ്ട് പലരും അന്തംവിട്ടിരുന്നു. പിന്നാക്ക വിഭാഗങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങളുടെ സംരക്ഷണത്തിനായി അദ്ദേഹത്തിന്റെ പേന വളരെ കൂടുതലായി ചലിച്ചു. 

അവസാനം അതൊരു ബൃഹദ്ഗ്രന്ഥമായി അവസാനിച്ചു. സാമൂഹിക പിന്നാക്കാവസ്ഥയുടെ മന:ശാസ്ത്രവും അതിന്റെ ഗണിത സമവാക്യങ്ങളും അക്കമിട്ട് നിരത്തിയ 'സംവരണവും പോരാട്ടവും' എന്ന ഗ്രന്ഥം നിലവാരമേറിയതാണ്. മരണപ്പെടുന്നതിന് ഒരാഴ്ച മുമ്പ് ഈ പുസ്തക സംബന്ധിയായി കൈരളി ചാനല്‍ അബ്ബാസ് സേട്ടിന്റെ സുദീര്‍ഘമായ ഒരു അഭിമുഖം പ്രക്ഷേപണം ചെയ്തിരുന്നു. തന്റെ അടുത്ത പുസ്തകത്തിന്റെ രചനയെക്കുറിച്ചുള്ള സൂചനകള്‍ നല്‍കിയാണ് അത് അവസാനിച്ചത്. 

എസ് ഇ ഒ, എസ് ഇ ജി ഒ എ, തുടങ്ങിയ സര്‍വ്വീസ് സംഘടനകളുടെ സ്ഥാപകനായ അദ്ദേഹം മുഹമ്മദ് കോയ ഫൗണ്ടേഷന്റെ സംസ്ഥാപനത്തില്‍ പ്രമുഖ സൂത്രധാര നാണ്. കഴിവും യോഗ്യതയുമുള്ള ചെറുപ്പക്കാരെ കലവറയില്ലാതെ സഹായിച്ചിരുന്നു. അര്‍ഹിക്കുന്നവരെ മുഴുവന്‍ ബഹുമാനിച്ചിരുന്ന അദ്ദേഹം സഹജീവികളെ സാര്‍ എന്ന് വിളിച്ചാണ് അഭിമുഖീകരിക്കാറ്. കക്ഷി രാഷ്ട്രീയ ഭേദമെന്യേ ഇത്രയേറെ ബഹുമാനം  ലഭിച്ചിരുന്ന ഒരു ഉദ്യോഗസ്ഥന്‍ വേറെ ഉണ്ടാവാനിടയില്ല. മലബാറുകാരെ ഒത്തിരി സ്‌നേഹിച്ചിരുന്ന അബ്ബാസിന്റെ വിയോഗം മലബാറിന്റെ ആസ്ഥാനമായ കോഴിക്കോട്ട് ആയത് യാദൃഛികം. പ്രിയങ്കരനായ സഹപ്രവര്‍ത്തകന്റെ പരലോക ജീവിതം സര്‍വ്വശക്തന്‍ പ്രകാശപൂരിതമാക്കട്ടെ, ആമീന്‍

0 Responses to “അബ്ബാസ് സേട്ട്: ഹൃദയം തൊട്ടറിഞ്ഞ സഹപ്രവര്‍ത്തകന്‍”

Post a Comment